Wednesday, April 21, 2010

ഡാം 999

തകര്‍ക്കാന്‍ പറ്റാത്ത ഡാം

from ബെര്‍ളിത്തരങ്ങള്‍ by Berly Thomas ബെര്‍ളി തോമസ്
അമ്മയും ഫെഫ്കയും വിചാരിച്ചാല്‍ മലയാളം സിനിമയല്ലാതെ മറ്റൊന്നും തുലയ്‍ക്കാന്‍ പറ്റില്ല എന്ന അമ്പരപ്പിക്കുന്ന സത്യം നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. മലയാളം സിനിമ നിന്നു കഴിഞ്ഞാല്‍ പിന്നെ, ബി.ഉണ്ണികൃഷ്ണനും ഇന്നസെന്‍റും കൂടി ബോളിവുഡും ഹോളിവുഡും അടച്ചുപൂട്ടുമെന്ന വിശ്വാസത്തിനു ബലം നഷ്ടമാവുന്നു. സിനിമ എന്ന മാരകകലയില്‍ നിന്നു മലയാളത്തിനു മാത്രമേ മോചനം ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നുഹിക്കാം.
ഫെഫ്ക പ്രവര്‍ത്തകരെല്ലാം കൂടി വിരട്ടി നാടുകടത്തിയ ഡാം 999 എന്ന സിനിമ മലയാളത്തില്‍ പെട്ടിക്കകത്തിരിക്കുന്ന അനേകം സിനിമകളിലൊന്നായി അനങ്ങാതിരിക്കുമെന്നു കരുതിയവര്‍ പ്രതികരിക്കുക- സോഹന്‍ റോയ് സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നു- ഇത്തവണ ദുഫായില്‍ ആണെന്നു മാത്രം. അനേകം കമ്പനികള്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യത്തിന്‍റെ തലവനായ സോഹന്‍ റോയ് ഗള്‍ഫില്‍ ഒരു സംഭവമാണ്. ഫെഫ്കയും അമ്മയും കൂടി മൂത്രമൊഴിച്ചാല്‍ നിയുന്നതല്ല ഡാം 999. എങ്കിലും മലയാളത്തിലെ ഫെഫ്ക പ്രവര്‍ത്തകര്‍ ജോലി ചെയ്യില്ല എന്നു പറഞ്ഞൊരു സിനിമ ലോകത്തെവിടെയങ്കിലും ഷൂട്ട് ചെയ്യുന്നത് തടയാന്‍ ഫെഫ്കയും അമ്മയും കൂടി വിചാരിച്ചാല്‍ നടക്കില്ലേ ? അപ്പോള്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ ഇവന്‍മാരൊക്കെ ശരിക്കും മന്ദബുദ്ധികളാണോ ??
ഒരു കോടി ഡോളര്‍ മുതല്‍മുടക്കുള്ള സിനിമയാണ് സോഹന്‍ റോയ് സംവിധാനം ചെയ്യുന്ന ഡാം 999. മലയാളിയായ സോഹന്‍ നാടിനോടുള്ള ഇഷ്ടം കൊണ്ട് പടം ഇവിടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. കേരളത്തിലെ സിനിമക്കാര്‍ നല്ല സിനിമ ഉണ്ടാക്കാനിരിക്കുന്നവരല്ല എന്ന് ലോകത്തെല്ലാവര്‍ക്കും അറിയാം. മലയാള സിനിമ എന്നു പറയുന്നത് ഒരു മാഫിയ പ്രസ്ഥാനമാണ്. നല്ല സിനിമകളെടുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെയില്ല.
തിലകനു കുറച്ച് കാശു കിട്ടി എന്നതൊഴിച്ചാല്‍ ഫെഫ്ക അംഗങ്ങളായ സാങ്കേതികപ്രവര്‍ത്തകര്‍ ആ സിനിമയില്‍ നിന്നൊഴിഞ്ഞു എന്നതാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും ശുഭകരമായ കാര്യം. സിനിമയെ സിനിമയായി കാണുന്ന ടെക്നീഷന്‍മാരെ ഉപയോഗിച്ച് സോഹന്‍ റോയിക്ക് സിനിമ പൂര്‍ത്തിയാക്കാം. ദുബായിലും ഹോങ് കോങ്ങിലുമായാണ് ഡാം 999 പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. ഇംഗ്ലിഷിലും ഗതികെട്ട മലയാളത്തിലും സോഹന്‍ സിനിമ റിലീസ് ചെയ്യും. ദുബായിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹോങ് കോങ്ങില്‍ ചിത്രീകരിക്കുന്ന ഡാം 999 ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പിന്നെയും കേരളത്തിലെത്തും. തുടര്‍ന്ന് ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ച് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുകയും ചെയ്യും.
ഫെഫ്ക അംഗങ്ങള്‍ വിചാരിച്ച പോലെ നടി തുലിപ് ജോഷി സഹകരിക്കാത്തതിനാലാണ് ആ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളവര്‍ നടിക്കു വിലക്കേര്‍പ്പെടുത്തി സംവിധായകനെയും നിര്‍മാതാക്കളെയും വിലക്കാന്‍ നോക്കിയത്. അടുത്ത ഫ്ലൈറ്റില്‍ പടം രാജ്യം വിട്ടപ്പോഴും സ്വന്തം പണിപോയതിനെക്കാള്‍ വിപ്ളവകരമായി ഒരു സിനിമ മുടക്കാന്‍ കഴിഞ്ഞതിന്‍റെ നിര്‍വൃതിയില്‍ സുഖമായുറങ്ങിയ സാങ്കേതികവിദഗ്ധര്‍ക്ക് ഇനിയെങ്ങനെ ഉറങ്ങാന്‍ കഴിയും. കേരളത്തിനു പുറത്ത് സിനിമ ഉണ്ടെന്നതു തന്നെ അംഗീകരിക്കാന്‍ കഴിയുന്നില്ല, അപ്പോഴാണ് നമ്മള്‍ ചവുട്ടിപ്പുറത്താക്കിയ ഒരു സിനിമ പൂര്‍വാധികം മനോഹരമായ പ്രൊഫഷനല്‍ മികവോടെ പുറത്തിറങ്ങാന്‍ പോകുന്നത്.
രജത് കപൂര്‍, ആശിഷ് വിദ്യാര്‍ഥി, ലിന്‍ഡ അര്‍സാനിയോ, ജോഷ്വ ഫ്രെഡറിക് സ്മിത്, ജാല പിക്കറിങ്, മേഘ ബര്‍മന്‍, വിമലാ രാമന്‍, ജിനീത് രാത് തുടങ്ങിയ ശക്തമായ ഹോളിവുഡ്- ബോളിവുഡ് താരനിരയാണ് സിനിമയ്‍ക്കുള്ളത്.ഫെഫ്ക വേണ്ടെന്നു പറഞ്ഞ തുലിപ് ജോഷി എന്തായാലും ഇപ്പോള്‍ സിനിമയിലില്ല. ആ വേഷം ചെയ്യുന്നത് മേഘ ബര്‍മന്‍ ആണ്.ബംഗാളി മോഡലായ മേഘ ബ്രൂ, പെപ്സി, ടാറ്റ ഡോകോമോ, ഫാസ്റ്റ്ട്രാക്ക് വാച്ച്, സോണി സൈബര്‍ഷോട്ട് തുടങ്ങി അനേകം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003ല്‍ പാപ് എന്ന സിനിമയിലും (ഒരുതരം ബാലതാരം) 2008ല്‍ ആന്‍കിത്, പല്ലവി ആന്‍ഡ് ഫ്രണ്ട്സ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഡാം 999ല്‍ റസിയ എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ നിന്നും ഇതില്‍ ഇടം നേടിയ തിലകനെയും ഫെഫ്ക പറഞ്ഞതനുസരിച്ച് സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തിലകനെ പിന്നീട്, അമ്മ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. അതേ സമയം, ഫെഫ്ക പ്രസിഡന്‍റ് ഇറക്കിയ പ്രമാണി എന്ന സിനിമയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. അമ്മ പ്രസിഡന്‍റിന്‍റെ പുതിയ കോലത്തെ പാപ്പി അപ്പച്ചാ എന്ന സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകര്‍ കൂവിത്തോല്‍പിച്ചുകൊണ്ടിരിക്കുന്നു.
അജയന്‍ വിന്‍സെന്‍റ്, ശ്രീകര്‍ പ്രസാദ്, തൊട്ട തരണി, ഔസേപ്പച്ചന്‍ തുടങ്ങിയവരും ഗായകരായ ചിത്ര, ജയചന്ദ്രന്‍ തുടങ്ങിയവരും വിലക്കൊന്നും കിട്ടാത്തതിനാല്‍ ഇപ്പോഴും സിനിമയുമായി സഹകരിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഇവരെയും വിലക്കി മലയാള സിനിമയുടെ പാരമ്പര്യം ആരെങ്കിലുമൊക്കെ കാത്തുസൂക്ഷിക്കുമെന്നും പ്രത്യാശിക്കാം

No comments:

chandrakala cinema

chandrakala cinema
cinema pictures

Blog Archive